Saturday, February 18, 2012
തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ ആസ്പത്രി പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞു വച്ചു. മെന്റല്‍ ഒ.പി.യും ജനറല്‍ ഒ.പിയും ഒന്നിച്ചാക്കിയതിനെതിരേ ആയിരുന്നു പ്രതിഷേധം. കേരളത്തില്‍ ജനറല്‍ ഒ.പി.യുള്ള ഏക മാനസികാരോഗ്യ കേന്ദ്രമാണ് തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ടയിലുള്ളത്. സമീപ പ്രദേശത്തുള്ളവര്‍ ആശ്രയിക്കുന്നതും ഇവിടെയുള്ള ജനറല്‍ ഒ.പി.യാണ്. പുതിയ സൂപ്രണ്ട് വന്നപ്പോള്‍ നടത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായി മെന്റല്‍ ഒ.പിയും ജനറല്‍ ഒ.പിയും ഒരേ ഭാഗത്താക്കി. അതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. മാനസിക രോഗികള്‍ മറ്റ് രോഗികളേയും കൂടെ വരുന്നവരെയും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. മാത്രമല്ല മാനസികരോഗികളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുകയും ഇത് ചില രോഗികളില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്തു. ഒ.പി. സംവിധാനം മാറ്റണമെന്ന ആവശ്യം സൂപ്രണ്ട് നിരസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടിനെ വ്യാഴാഴ്ച ആസ്പത്രിയില്‍ തടഞ്ഞുവച്ചത്. പിന്നീട് സൂപ്രണ്ടും ആസ്പത്രി ഉദ്യോഗസ്ഥരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയില്‍ ഒ.പി. രണ്ടായി തിരിക്കാമെന്ന് സൂപ്രണ്ട് രേഖാമൂലം ഉറപ്പ് നല്കി.
Subscribe to:
Posts (Atom)